തിരുവനന്തപുരം∙ പോത്തൻകോട് സ്വദേശിയായ അബ്ദുൽ അസീസ് കോവിഡ്-19 ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോത്തൻകോട് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. മാർച്ച് 1ന് ശേഷം അബ്ദുൽ അസീസുമായി ഇടപഴകിയവർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. വിദേശത്തുനിന്ന് വന്ന പോത്തൻകോട് നിവാസികളുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി.
മൂന്ന് ആഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കും. അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അബ്ദുൽ അസീസുമായി ഇടപഴകിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. അബ്ദുൽ അസീസ് എത്തുമ്പോൾ തോന്നയ്ക്കൽ ഹെൽത്ത് സെൻററിലെ പ്രധാന ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടർ ഇപ്പോൾ ഡ്യൂട്ടിയിലുണ്ട്. ആശുപത്രി അണുവിമുക്തമാക്കി.അബ്ദുൽ അസീസുമായി ഇടപഴകിയവർ ആരാണെന്ന് നാട്ടുകാർക്ക് അറിയാമെന്നും അവർ ഇതിനോടകം ക്വാറന്റീനിൽ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്വാറന്റീനുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിന് മന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.