തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രണ്ടുപേർക്ക് വീതവും, കൊല്ലം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊറോണ രോഗബാധ ഉണ്ടായിരിക്കുന്നത്. കൊറോണ അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസർകോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ കൊണ്ടുവരുമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ടോക്കൺ അടിസ്ഥാനത്തിൽ ആകും റേഷൻ വിതരണം ചെയ്യുകയെന്നും എന്നും അദ്ദേഹം അറിയിച്ചു. കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ വിതരണം ക്രമീകരിക്കും. കാർഡ് നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാളെ റേഷൻ വിതരണം ചെയ്യും. 2,3 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ മൂന്നിനും റേഷൻ വിതരണം ചെയ്യും. നേരിട്ട് എത്താൻ കഴിയാത്തവർക്ക് റേഷൻ വീട്ടിലെത്തിക്കും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ള ദിനമാണ് നാളെ. ഈ ഏപ്രിൽ ഒന്നിന് അത് പൂർണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകും. അവർക്ക് ഐ.ഡി കാർഡ് നൽകും. മുഖ്യമന്ത്രി പറഞ്ഞു.