ന്യൂഡൽഹി ∙ ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 24 പേർക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. സമ്മേളനത്തിൽ എത്രപേർ പങ്കെടുത്തുവെന്നു കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 1700 പേർ മസ്ജിദിൽ ഉണ്ടായിരുന്നു. ഇതിൽ 334 പേരെ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധയിടങ്ങളിലായി 700 പേരെ ക്വാറന്റീനിലാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടിയന്തര യോഗം വിളിച്ചു. നൂറുകണക്കിനു പേരുടെ ജീവൻ അപകടത്തിലാക്കിയതിനു മസ്ജിദ് ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ കേജ്‍രിവാൾ ഉത്തരവിട്ടു. കേരളത്തിലെ പല ജില്ലകളിൽ നിന്നായി ഒട്ടേറെപ്പേർ നിസാമുദ്ദീൻ സമ്മേളനത്തിനു വന്നിരുന്നു. എന്നാൽ ഇവരിൽ പലരും കോവിഡ് നിയന്ത്രണങ്ങൾ വരുന്നതിനു മുമ്പ് മടങ്ങിയെന്നാണു വിവരം. സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദ്ദീനിൽ കബറടക്കി. കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രഫസറായി വിരമിച്ച ഇദ്ദേഹം നേരത്തെ ബൈപാസ് സർജറിക്കു വിധേയനായിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ടുപേരും ചേർന്നാണു ഡൽഹിയിൽ പോയത്. ഇവർ ഡൽഹിയിൽ നിസാമുദീനിൽ ബംഗ്ലാവാലി മസ്ജിദിൽ താമസിക്കുകയാണ്. ഇവർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. അനുമതിയില്ലാതെയാണു സമ്മേളനം നടത്തിയതെന്നാണു ഡൽഹി പൊലീസ് പറയുന്നത്. പ്രദേശത്തു ലോക്ഡൗൺ കർശനമാക്കി കൂടുതൽ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു.