റോം: കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറ്റലിയിൽ നിന്നാണ് ശുഭവാർത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം ഭേദമായതാണ് ഇറ്റലിയിലെ ജനങ്ങൾക്കു പ്രതീക്ഷ നൽകുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ‘ധൈര്യവും വിശ്വാസവുമാണു രോഗത്തിൽനിന്നു മുക്തി നേടുന്നതിനു സഹായിച്ചത്. എനിക്ക് ഇപ്പോൾ സുഖമുണ്ട്. ഞാനിപ്പോൾ ടിവി കാണുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. എനിക്ക് കുറച്ചു പനിയുണ്ടായിരുന്നു.’ എന്നാണ് രോഗം മാറി ആരോഗ്യം വീണ്ടെടുത്തപ്പോൾ അവരുടെ
പ്രതികരണം. രോഗം ബാധിച്ചവർ കരുത്തോടെയിരിക്കണമെന്നും അവർ ഉപദേശിക്കുന്നു. നൂറ് വയസ്സു പിന്നിട്ടവർ ഏറെയുള്ള യൂറോപ്യൻ രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാൻസും. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ച ഇറ്റലിയുടെ കോവിഡ് രോഗ പ്രതിരോധത്തില്‍ ഏറെ പ്രതീക്ഷകൾ സൃഷ്ടിക്കുന്നതാണ് 104 വയസ്സു പ്രായമുള്ള മുത്തശ്ശിയുടെ പുനരുജ്ജീവനം. രോഗബാധയുണ്ടായതിനെ തുടർന്ന് ആഡ സനൂസോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാർല ഫർണോ മാർകസ് പറയുന്നു. അവർ എല്ലായ്പ്പോഴും ഉറക്കത്തിലായിരുന്നു. പ്രതികരിക്കുന്നുമുണ്ടായിരുന്നില്ല.
ഒരിക്കൽ അവർ കണ്ണു തുറന്നു. പിന്നീടു കാര്യങ്ങൾ സാധാരണ പോലെയായി. ഇരിക്കുകയും കിടക്കവിട്ട് ഇറങ്ങുകയും ചെയ്തു– കാർല ഫർണോ മാർകസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങളുമായി തുടങ്ങുന്ന കോവിഡ് 19 രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപെടുന്നുണ്ട്. പക്ഷേ പ്രായമായവരിൽ രോഗം ഗുരുതരമാകുന്ന കാഴ്ചയാണു കണ്ടുവരുന്നത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരെ കോവിഡ് കൂടി ബാധിക്കുന്നതാണു പ്രശ്നം ഗുരുതരമാക്കുന്നത്. ഇറ്റലിയിൽ 18,000 ഓളം പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്താകെ മരണ സംഖ്യ 89,000 കടന്നു. യൂറോപ്പിൽ രോഗം ബാധിച്ചു മരിച്ചതിൽ 95% പേരും 60 വയസ്സു പിന്നിട്ടവരാണ്