Hot Posts

6/recent/ticker-posts

കോവിഡ്-19 : മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായം , രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൗജന്യ ചികിത്സയും


കൊല്ലം: കോവിഡ്-19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി മാതാ അമൃതാനന്ദമയി മഠത്തിന്റെ  13 കോടി രൂപയുടെ സഹായം.  കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകും. ധനസഹായത്തിൽ 10 കോടി രൂപ ഭാരത സർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്കും മൂന്നു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമാണ്.

 "ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഹൃദയം വല്ലാതെ വേദനിക്കുന്നു. ഈ മഹാമാരിയിൽ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരകൃപയ്ക്കും വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം." – മാതാ അമൃതാനന്ദമയി പറഞ്ഞു.

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സർവകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ഒരു മാനസികാരോഗ്യ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു (0476 280 5050). കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സന്ദേശത്തിൽ, ഡോക്ടർമാരോടും, മാനസികരോഗവിദഗ്ദ്ധരോടും കൗൺസലിംഗ് നൽകുന്നതിനായി സമയം കണ്ടെത്തണമെന്ന് മാതാ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു.

"ഈ സമയം കൗൺസിലിങ്ങിനു ഏറെ പ്രാധാന്യമുണ്ട്"  "ദയവായി ഡോക്ടർമാരോടും, സൈക്കാട്രിസ്റ്റുകളോടും, സൈക്കോളജിസ്റ്റുകളോടുമുള്ള അപേക്ഷയായി കണക്കാക്കണം. നിങ്ങൾ ഈശ്വരഭക്തരാണെങ്കിലും, അല്ലെങ്കിലും എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസലിങ് നൽകുന്നതിനായി നീക്കിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു" മാതാ അമൃതാനന്ദമയി പറഞ്ഞു. 

 മനുഷ്യൻ പ്രകൃതിയുമായി സഹവർത്തിത്വത്തിൽ ജീവിക്കണമെന്നും, അല്ലെങ്കിൽ അത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും എത്രയോ വർഷങ്ങളായി പറയാറുണ്ട്. "മനുഷ്യൻ സ്വാർത്ഥതയ്ക്കായി പ്രകൃതിയോട് ചെയ്തതിന്റെ ഫലമാണ്, ഇത്തരം മഹാമാരികളായി തിരിച്ചെത്തുന്നത്"  നാം പ്രകൃതിയുടെ സേവകരാണ് എന്ന ഭാവമാണ് നാം വളർത്തിയെടുക്കേണ്ടത്.  എളിമയും, അനുസരണയും, ആദരവും നമ്മൾ ശീലിക്കണം. ഇനിയെങ്കിലും നമ്മുടെ ഹുങ്ക് പ്രകൃതിയോട് കാണിക്കാതിരിക്കാൻ ശ്രമിക്കുക. പ്രകൃതിശക്തിയുടെ മുൻപിൽ അടിയറവ് പറയാൻ സമയമായിരിക്കുന്നു. സർവാപരാധങ്ങളും പൊറുക്കണേ എന്ന്  കേണപേക്ഷിക്കാൻ സമയമായിരിക്കുന്നു. എന്ത് ചെയ്താലും, പ്രകൃതി , ക്ഷമിക്കും, പൊറുക്കും, മാപ്പുനൽകും എന്നുള്ള  ചിന്ത അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. അതിന് പ്രകൃതി മാനവരാശിക്ക് നൽകുന്ന അത്യുച്ചത്തിലുള്ള ഒരു സൈറണാണു കൊറോണ"

മഠത്തിന്റെ കീഴിലുള്ള  സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ   ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിലെ മുഖാവരണങ്ങൾ, ഗൗണുകൾ,  വെന്റിലേറ്ററുകൾ, അതിവേഗം തയാറാക്കാനാവുന്ന ഐസലേഷൻ വാർഡുകൾ, മെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, കോറന്റൈനിലുള്ള രോഗികളെ വിദൂരനിരീക്ഷണം ചെയ്യുന്നതിനായുള്ള സാങ്കേതികവിദ്യകൾ എന്നിവ ഒരുക്കുന്നതിനായി വിവിധമേഖലകളിൽ നിന്നുമുള്ള വിദഗ്ധരുടെ ഒരു സംഘം ഗവേഷണം ചെയ്തുവരുന്നു.

വൈദ്യശാസ്ത്രം, നാനോസയൻസ്, നിർമ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെൻസർ മാനുഫാക്ചറിങ്, മറ്റു ശാസ്ത്ര മേഖലകൾ എന്നിവയിൽ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിലുള്ളത്.  കോവിഡ്-19 സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും, സേവനാവസരങ്ങളെക്കുറിച്ചും ഓൺലൈൻ പാഠശാലകളിലൂടെ അമൃത വിദ്യാർത്ഥികളും മനസ്സിലാക്കുന്നു. അമൃത സർവിന്റെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതർ നിരന്തരമായി ഓൺലൈൻ വഴി സമ്പർക്കം പുലർത്തിവരുന്നു. ഗ്രാമങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട അവബോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോടൊപ്പം ഗ്രാമീണർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാകുന്നതിനാവശ്യമായ നടപടികളും വ്യാജവാർത്തകൾ പടരാതിരിക്കാനുള്ള മുൻകരുതലുകളും ചെയ്തു വരുന്നു. ചില ഗ്രാമങ്ങളിൽ മഠത്തിന്റെ നേതൃത്വത്തിൽ മാസ്ക് നിർമ്മിക്കാൻ പഠിപ്പിക്കുകയും, സർക്കാർ നിർദ്ദേശാനുസരണം ജനത്തിനു വിതരണം ചെയ്യുകയും ചെയ്തു.

 2005 മുതൽ ദുരിതാശ്വാസത്തിനായി ഇതുവരെ 500 കോടിയിലധികം രൂപയാണ്, മാതാ അമൃതാനന്ദമയി മഠം ചെലവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാർഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവനപുനർനിർമ്മാണം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു