ന്യൂഡൽഹി: ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോർട്ടിൽ തെറ്റുപറ്റിയതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായെന്ന് രേഖപ്പെടുത്തിയത്. ഈ റിപ്പോർട്ടിലാണ് തെറ്റുപറ്റിയതെന്നും അത് തിരുത്തിയെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ ഇതിന്റെ സൂചന ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നേരത്തേ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ ഈ സൂചന ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 40 ശതമാനത്തിനും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഇതിനൊപ്പം ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു എന്നതും സാമൂഹിക വ്യാപനത്തിലേക്ക് എത്തി എന്നതിന്റെ സൂചനയായാണ് ആദ്യം വിലയിരുത്തിയത്.
ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടിയെങ്കിലും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് നേരത്തേ കേന്ദ്രസർക്കാരും പറഞ്ഞിരുന്നു.എന്നാൽ പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറയുന്നത്. രോഗബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകൾ സംസ്ഥാനത്ത് ഉണ്ടായതാണ് ഇതിന് തെളിവായി പഞ്ചാബ് മുഖ്യമന്ത്രി പറയുന്നത്.