കൊച്ചി∙ കോവിഡ്-19 പരിശോധനാ ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം ഇനി എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) പരിശോധനാ സംവിധാനം സജ്ജമായതോടെയാണ് ഇത് സാധ്യമാവുക. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതുവരെ ജില്ലയില്‍ നിന്നുള്ള സാംപിളുകള്‍ പ്രധാനമായും പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജില്‍ തന്നെ പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം ആരംഭിച്ചത്.
ഇനിമുതൽ ദിവസം 180 സാംപിളുകൾ വരെ ലാബില്‍ പരിശോധിക്കാൻ സാധിക്കും. ഇതിനായി രണ്ട് പിസിആര്‍ മെഷീനുകളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജമാക്കുന്നതിന് ചെലവായത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും.
പി.ടി. തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 36 ലക്ഷം രൂപയുടെ പരിശോധനാ കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.ജെ. ലാന്‍സിയുടെ നേതൃത്വത്തില്‍ മൈക്രോ ബയോളജി വിഭാഗം ജീവനക്കാരായ ഡോ. ജോന, ഡോ. ഇന്ദു, ടെക്‌നീഷ്യന്‍മാരായ വിപിന്‍ദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യന്‍, അര്‍ച്ചന എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകുന്നത്.