തിരുവനന്തപുരം: സംസ്ഥാനത്ത് കാസർഗോഡ്, കണ്ണൂർ, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവ ഹോട്ട്സ്പോട്ട് ജില്ലകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ പൂർണമായും അടച്ചിടും. ഇവിടെ ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ടിൽ പെടാത്ത ജില്ലകളിൽ ഏപ്രിൽ 20 ന് ശേഷം ഇളവുകൾ അനുവദിക്കും. സംസ്ഥാനത്തെ രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ മേഖലകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഒന്നാം മേഖലയിൽ വരുന്നത്. ഇവിടെ പൂർണമായും നിയന്ത്രണങ്ങൾ തുടരും.
രണ്ടാം മേഖലയിൽ എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഏപ്രിൽ 24 വരെ കർശന നിയന്ത്രണം തുടരും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകൾ മൂന്നാം മേഖലയിൽ ആണുള്ളത്. ഈ ജില്ലകളില്‍ ഏപ്രിൽ 20 ന് ശേഷം ഭാഗികമായ ജനജീവിതം അനുവദിക്കും. അഞ്ച് ജില്ലകളിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതലായ വാണിജ്യ സ്ഥാപനങ്ങൾ വൈകിട്ട് എഴുമണി വരെ തുറന്നു പ്രവർത്തിക്കാം. കോട്ടയം, ഇടുക്കി ജില്ലകളാണ് നാലാം മേഖലയിൽ ഉള്ളത്. ഈ ജില്ലകളിൽ നിയന്ത്രണം ഉണ്ടാകില്ലെങ്കിലും ജില്ലയിലുള്ളവർക്ക് മറ്റുജില്ലകളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടികളും അനുവദിക്കില്ല.