ആലപ്പുഴ : കൊവിഡ് -19 പ്രതിരോധത്തിന് ഫലപ്രദമെന്ന് തെളിഞ്ഞ ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഗുളികയുടെ നിർമ്മാണം വീണ്ടും ആരംഭിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) നടപടി തുടങ്ങി. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന ഈ ഗുളിക കൊവിഡ് പ്രതിരോധ മരുന്നായി ലോകമാകമാനം ഉപയോഗിക്കുകയും അമേരിക്കയിലേക്കുൾപ്പെടെ ഇന്ത്യ കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ കെ.എസ്.ഡി.പി ഈ ഗുളികകൾ ഉത്പാദിപ്പിച്ചിരുന്നെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവു കാരണം 2003 ൽ നിറുത്തി വയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് മലേറിയ വലുതായി റിപ്പോർട്ട് ചെയ്യാത്തതും ഇതിന് കാരണമായി.
രാജ്യത്ത് നാല് സ്വകാര്യ കമ്പനികളാണ് ഈ ഗുളിക ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഗുളികകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് വിതരണം ചെയ്യുക. അസംസ്കൃത വസ്തുവിന്റെ വിലയും ഉത്പാദന ചെലവും നോക്കി ഗുളികയ്ക്ക് വില നിശ്ചയിക്കും.കൊവിഡിനെ നേരിടാൻ സാനിട്ടൈസർ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്. മാസ്‌കും ഉടൻ വിപണിയിൽ ഇറക്കും.