ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണു കൊറോണ വൈറസ് പരത്തുന്ന കോവിഡ് -19 രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് ഏവർക്കുമറിയാം. അപ്പോഴും രോഗവാഹകരായത് ഏതു ജീവിയാണെന്നതിൽ ആശയക്കുഴപ്പം തുടർന്നു. പാമ്പും വവ്വാലും സംശയനിഴലിൽ തുടരവെ കൊറോണ മനുഷ്യരിലേക്കു പകർത്തിയത് ഈനാംപേച്ചി എന്ന ഉറമ്പുതീനി ആണെന്ന പുതിയ നിഗമനവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി.
വുഹാനിലെ ഹ്വാനൻ സീ ഫുഡ് മൊത്തച്ചന്തയിൽനിന്നാണു കൊറോണ മനുഷ്യരിലെത്തിയത്. മൃഗങ്ങളിൽ ഉദ്ഭവം കൊണ്ട് മനുഷ്യരിലേക്കു പകർന്നതാണു കൊറോണ വൈറസ് എന്നു ശാസ്ത്രജ്ഞർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഏതു ജീവിയിൽനിന്നാണു മനുഷ്യരിലേക്ക് എത്തിയത് എന്നതിൽ കൃത്യമായ ധാരണയുണ്ടായില്ല. ലോകത്തിന്റെ പലയിടങ്ങളിലും വൈറസിനെ പഠിച്ചുകൊണ്ടിരിക്കുന്നു, പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടി പരീക്ഷണങ്ങളും തുടരുന്നു. പാമ്പ് അല്ല, ഈനാംപേച്ചിയാണു കൊറോണ പകർന്നതെന്ന് ഇത്തരമൊരു പഠനത്തിൽ മിഷിഗനിലെ ബയോ ഇൻഫർമേറ്റിഷ്യൻമാരുടെ സംഘമാണു കണ്ടെത്തിയത്.