വാഷിങ്ടൺ : ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നു കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുമെന്നത് സംബന്ധിച്ച തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി. ഒരിക്കലും മറക്കില്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ട്രംപ് പ്രത്യേക നന്ദി അറിയിച്ചു. ‘ഈ പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല, മാനവികതയെ ആകെ സഹായിക്കുന്നതിൽ നിങ്ങളുടെ ശക്തമായ നേതൃത്വത്തിനു സാധിക്കും. നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി!’ – ട്രംപ് പറഞ്ഞു.
Extraordinary times require even closer cooperation between friends. Thank you India and the Indian people for the decision on HCQ. Will not be forgotten! Thank you Prime Minister @NarendraModi for your strong leadership in helping not just India, but humanity, in this fight!
— Donald J. Trump (@realDonaldTrump) April 8, 2020
2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നാണ് ഇന്ത്യയിൽനിന്നു യുഎസ് കഴിഞ്ഞ ദിവസം വാങ്ങിയത്. കോവിഡ് രോഗത്തിന് പ്രതിരോധമരുന്നു വികസിപ്പിക്കും വരെ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശ്വസിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതു ചൊവ്വാഴ്ചയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള മൂന്നു കമ്പനികളാണ് യുഎസിലേക്കു നിലവിൽ ഗുളിക കയറ്റുമതി ചെയ്യുക. കയറ്റുമതി നിരോധനത്തിനു മുൻപേ യുഎസ് ഓർഡർ നൽകിയ ഗുളികകളുടെ വിതരണം തടസ്സപ്പെടരുതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. മോദി അനുകൂലമായി പ്രതികരിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ അനുവദിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.