കോട്ടയം: കോവിഡ്-19 ബാധയെത്തുടര്‍ന്ന് നിനച്ചിരിക്കാതെ എത്തിച്ചേര്‍ന്ന അവധിക്കാലം ഏറ്റവും ക്രിയാത്മകവും ആസ്വാദ്യകരവുമാക്കുന്നതിനായി പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി രസകരവും ലളിതവുമായ അവധിക്കാല പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ചുതന്നെ ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിലും ഏറെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ഷൈനി ജോസഫിന്റെ നേതൃത്വത്തിലുള്ള റിസോഴ്‌സ് ടീം ആണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
അവധിക്കാല പ്രവര്‍ത്തനങ്ങളെ, 4 മുതല്‍ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്, ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്, രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക്, മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്, നാലാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്നിങ്ങനെ തരംതിരിച്ചാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചിത്രകഥകളുടെ ഒരു സമാഹാരവും ഓരോ ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു.
250 വാക്കുകള്‍ വരെ ഉള്‍പ്പെടുന്ന ചെറിയ ചിത്ര കഥകള്‍, 600 വാക്കുകള്‍ വരെ ഉള്‍പ്പെടുന്ന ലളിതമായ ആശയങ്ങളോടുകൂടിയ ചിത്ര കഥകള്‍, 1500 വാക്കുകള്‍ വരെ ഉള്‍പ്പെടുന്ന ലളിതമായ ആശയങ്ങളോടുകൂടിയ ചിത്ര കഥകള്‍, 1500 ല്‍ അധികം വാക്കുകള്‍ ഉള്‍പ്പെടുന്ന ചിത്ര കഥകള്‍ എന്നിങ്ങനെ നാല് തലങ്ങളായിട്ടാണ് കഥകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വീട്ടിലുള്ള മുതിര്‍ന്നവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കേണ്ടതായ ഈ പ്രവര്‍ത്തനങ്ങള്‍ ഒരു ബുക്കില്‍ ശേഖരിച്ച് സ്‌കൂള്‍ തുറക്കുമ്പോള്‍ അധ്യാപകരുടെ പക്കല്‍ എത്തിക്കേണ്ടതും വിലയിരുത്തലുകള്‍ക്ക് ശേഷം സമ്മാനങ്ങള്‍ക്ക് അര്‍ഹമാകുന്നതുമാണ് എന്ന് ഹെഡ്മിസ്ട്രസ്സ് സി. ഷൈനി ജോസഫ് അറിയിച്ചു.
ശ്രീ. റ്റിജോ സേവ്യര്‍, ശ്രീ. മാനുവല്‍ ടോമി, ശ്രീ. സെബാസ്ത്യന്‍ ചാക്കോ, കുമാരി ആഷ്‌ലിന്‍ റോസ് ജേക്കബ്, ശ്രീമതി അല്‍ഫോന്‍സാ ജോര്‍ജ്ജ്, ശ്രീമതി ഡെയ്‌സമ്മ അബ്രാഹം എന്നിവരാണ് ഹെഡ്മിസ്ട്രസ് സി. ഷൈനി ജോസഫിനെ കൂടാതെ സ്‌കൂള്‍ റിസോഴ്‌സ് ടീമിലുള്ളത്.