കോട്ടയം: ചൊവ്വാഴ്ച മുതൽ കോട്ടയം ജില്ലയിൽ വിപുലമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ കലക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ അൽപം നിയന്ത്രണവുമുണ്ടാകും. ഇന്ന് സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും വ്യാപാരശാലകളും ശുചീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾ, അഗ്നിരക്ഷാ സേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം നടത്താനാണ് തീരുമാനം.
ജില്ലയിൽ വിലക്കുകൾ മാറിയാലും പ്രതിരോധത്തിനായുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തിരികെയുമുള്ള യാത്രകൾക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി തേടണം. ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ഡ്രൈവർക്കു പുറമേ പ്രായപൂർത്തിയായ 2 പേർക്കും 15 വയസ്സിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം. ഓട്ടോറിക്ഷകളിൽ പരമാവധി 2 പേർക്ക് മാത്രം യാത്രചെയ്യാം.
വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള താമസ കേന്ദ്രങ്ങൾക്ക് ജില്ലയിൽ പ്രവർത്തിക്കാം. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ എന്നിവയും പ്രവർത്തിക്കാം. ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ഞായറാഴ്ച ഒഴികെ എല്ലാ ജിവസവും വൈകിട്ട് 6 വരെ ലഭിക്കും. തിരക്ക് ഒഴിവാക്കാനാണ്.
ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. ജില്ലയിൽ ജോലി ചെയ്യുന്ന ഇതര ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഇവിടെ തന്നെ താമസിച്ച് ജോലി ചെയ്യണം. റെഡ് സോണിൽ ഉൾപ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ജീവനക്കാർ കോട്ടയം ജില്ലയിലെത്തുമ്പോൾ പതിനാലു ദിവസം ക്വാറന്റീനിൽ കഴിയണം. ഈ പതിനാലു ദിവസം ഡ്യൂട്ടിയായി പരിഗണിക്കും. പ്രധാന ഓഫിസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോ മീറ്റർ ലഭ്യമാക്കും.
വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് വ്യാപാര സ്ഥാപനങ്ങളുടെ പൊതുവായ പ്രവർത്തന സമയം. അതേസമയം വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുമുണ്ട്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഭക്ഷണം ഇരുന്ന് കഴിക്കാം. വൈകിട്ട് 8 വരെ പാഴ്സൽ നൽകാം. ഭക്ഷണശാലയിൽ അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദർശകരും മാസ്ക് ധരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണം. ബാർബർ ഷോപ്പുകൾക്ക് എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കാം. എസി പാടില്ല. മാസ്കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികൾക്ക് പകരം ഡിസ്പോസബിൾ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.