ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് -19 നെ ചെറുത്തുതോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. മൂന്നാഴ്ചയോ അതിലധികമോ വേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ഈ പ്രസ്താവനയോടെ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും പ്രധാനമന്ത്രി തേടും. അതിനുശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കർണാടക, ഉത്തർ പ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് ഇതിനോടകം തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാട്ടിൽ പതിനഞ്ച് ദിവത്തേക്കുകൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. മാർച്ച് 25 ന് രാത്രിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 നാണ് നിലവിലെ ലോക്ക്ഡൗൺ അവസാനിക്കുന്നത്.