ഇന്ന് പെസഹ വ്യാഴം.. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ഇന്ന് ലോകം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. ചടങ്ങുകളില്‍ വിശ്വാസികള്‍ നേരിട്ട് പങ്കെടുത്തില്ല.. എന്നാല്‍ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികള്‍ മനസ്സുകൊണ്ട് പങ്കാളികളായി. ക്രിസ്തു, ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടും പെസഹ ആചരണം നടക്കുന്നത്. കൊവിഡ് വ്യാപന ഭീഷണിയുടെയും ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെയും പശ്ചാതലത്തില്‍ ജനപങ്കാളിത്തമില്ലാതെയാണ് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടക്കുക.
പെസഹ എന്ന വാക്കിന് അര്‍ത്ഥം 'കടന്നുപോക്ക്' എന്നാണ്. വിശ്വാസികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. കേരളത്തിലെ െ്രെകസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായി ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കേണ്ടിയിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങ് ഒഴിവാക്കി. ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് െ്രെകസ്തവ വിശ്വാസികള്‍ നാളെ ദുഃഖവെള്ളി ആചരിക്കും. നഗരികാണിക്കല്‍ പ്രദക്ഷിണം, വിവിധ കുരിശുമലകളില്‍ കുരിശിന്റെ വഴിയോ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുര്‍ബാന ഒഴിവാക്കിയിട്ടുണ്ട്. ചെയ്ത പാപങ്ങള്‍ ക്രമമായി ഓര്‍ക്കാനും അതില്‍ പശ്ചാത്തപിക്കാനും മേലില്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാനുമാണ് വിശ്വാസികളോട് ഇത്തവണ ആത്മീയ നേതൃത്വം പറഞ്ഞിട്ടുള്ളത്. വൈദികനോട് തുറന്നുപറയുന്നതും അദ്ദേഹം നിര്‍ദേശിക്കുന്ന പ്രായശ്ചിത്തങ്ങള്‍ ചെയ്യുന്നതും ഇപ്പോള്‍ വേണ്ടെന്നാണ് നിര്‍ദേശം. ലഭ്യമാകുന്ന ഏറ്റവുമടുത്ത അവസരത്തില്‍ നേരിട്ട് കുമ്പസാരിച്ചാല്‍ മതി. പെസഹ ദിനത്തില്‍ വീടുകളില്‍ നടത്താറുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. കുടുംബ കൂട്ടായ്മകളോ ബന്ധുക്കളുടെ ഒത്തുചേരലോ ഇതിന് വേണ്ട. ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപ ചുംബനവും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും ഉണ്ടാകില്ല. അഭൂതപൂര്‍വ്വമായി ഏറെ ദുഖത്തോടെയാണ് വിശ്വാസികള്‍ ഈ പെസഹാ-ദുഖവെള്ളി കാലം ആചരിക്കുന്നത്..