ന്യൂഡൽഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ഏകദേശ ധാരണയായത്. ചില മേഖലകളിൽ ഇളവുണ്ടാവും. എന്നാൽ ഏതാെക്കെ മേഖലകളിൽ ഇളവുണ്ടാവും എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീടാവും.
മുഖ്യമന്ത്രിമാരുമായുള്ള ചർച്ച അവസാനിച്ചശേഷം ഉന്നതാധികാരസമിതി യോഗം ചേരുന്നുണ്ട്. ഇതിലാവും ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന് തീരുമാനിക്കുക. അതിനുശേഷമാവും പ്രഖ്യാപനമുണ്ടാവുക. ലോക്ക് ഡൗൺ നീട്ടണമെന്നായിരുന്നു കേരളം ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.
ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.