കണ്ണൂർ∙ കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ ഈസ്റ്റർ ദിനത്തിൽ അതിഥി തൊഴിലാളികൾക്കു ചിക്കൻ ബിരിയാണി നല്‍കി . നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയില്‍ നിന്നാണു പ്രദേശത്തെ 170 ഓളം അതിഥി തൊഴിലാളികള്‍ക്കും, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബിരിയാണി വിളമ്പിയത്.
ആഘോഷങ്ങളും ,ആരവങ്ങളും ഇല്ലെങ്കിലും ഈസ്റ്റര്‍ ദിനത്തില്‍ അതിഥി തൊഴിലാളികൾക്കു സുഭിക്ഷമായ ഭക്ഷണം നല്‍കണമെന്നായിരുന്നു ശ്രീകണ്ഠാപുരം നഗരസഭയുടെ തീരുമാനം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ജോസഫീന വര്‍ഗീസ് മുന്നിട്ടിറങ്ങിയതോടെ നഗരസഭയിലെ സമൂഹ അടുക്കളയെ ആശ്രയിക്കുന്ന മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ചിക്കന്‍ ബിരിയാണി തന്നെ വിളമ്പി ഈസ്റ്ററിന്റെ സന്തോഷം പങ്കുവക്കുകയായിരുന്നു.
നഗരസഭ ഓഫിസിനോടു ചേര്‍ന്ന് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇവിടെ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം. സന്നദ്ധ സംഘടനകളും വ്യക്തികളും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച അന്നു മുതല്‍ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളില്‍ കൃത്യമായി ഭക്ഷണം എത്തിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ സേവകരുടേയും പിന്തുണ ഈ സമൂഹ അടുക്കളയുടെ വിജയത്തിന് പിന്നിലുണ്ട്.