തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. എന്നാല്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി തുടങ്ങാന്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്നതുവരെ കുട്ടികളോ അധ്യാപകരോ സ്‌കൂളില്‍ വരേണ്ടതില്ലെന്നും, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശത്തിനനുസൃതമായിട്ടായിരിക്കും സ്‌കൂള്‍ തുറക്കുന്ന തിയതി തിരുമാനിക്കുകയെന്നും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.െഎ.പി) മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു.
രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയായിരിക്കും വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ പഠനം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാല് പീരിയേഡ് ആയി രണ്ട് മണിക്കൂര്‍ ആയിരിക്കും ഒരു ദിവസം ക്ലാസ്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് പീരിയേഡ് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് രണ്ട് പീരിയേഡ് ആയി ഒരു മണിക്കൂറും ആയിരിക്കും ക്ലാസ്.
പ്രൈമറി ക്ലാസുകളില്‍ അര മണിക്കൂര്‍ ആയിരിക്കും ക്ലാസ്. ഓണ്‍ലൈന്‍ ക്ലാസില്‍ പെങ്കടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസരത്തെ ലൈബ്രറികള്‍, കുടുംബശ്രീ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കും.