കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ ആരാധാനാലയങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. എന്നാല്‍ ആരാധനാലയങ്ങളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എല്ലാം തുറക്കും. കൂടാതെ വലിയ ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കുണ്ടെന്നും ഇന്ന് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ മമത കൂട്ടിച്ചേര്‍ത്തു.
തേയില, ചണം വ്യവസായങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ 100 ശതമാനം തൊഴിലാളികളുമായി തുറക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും പൂര്‍ണ്ണ തോതില്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ വിജയിച്ചുവെന്ന് മമത ബാനര്‍ജി പറഞ്ഞു. പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാലാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മമതയുടെ തീരുമാനം. ഇതോടെ ലോക്ക്ഡൗണിനു ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന ആദ്യ സംസ്ഥാനമായി ബംഗാള്‍ മാറുകയാണ്.