ന്യൂഡൽഹി : രണ്ടാം മോദിസർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനങ്ങൾക്കുള്ള കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂട്ടായ പ്രയത്നവും ജനങ്ങളുടെ നിശ്ചയദാർഢ്യവും കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ നമ്മളെ വിജയിപ്പിച്ചുവെന്ന് പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി.
'കോവിഡ് ഭീതിയിൽ താഴേക്ക് പോയ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ എങ്ങനെ തിരിച്ച് പിടിക്കാം എന്നതിനെക്കുറിച്ച് നിരവധി സംവാദങ്ങൾ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മൾ എന്നും. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും നാം ലോകത്തിന് തന്നെ മാതൃകയാകുമെന്നും വിശ്വസിക്കുന്നു.'- പ്രധാനമന്ത്രി ജനങ്ങൾക്കായി കുറിച്ച കത്തിൽ പറയുന്നു.
2019 മെയ് 30നാണ് രണ്ടാം മോദിസർക്കാർ അധികാരത്തിലേറിയത്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ആണ് BJP ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ ചിത്രീകരിക്കുന്ന വീഡിയോ ഇന്ന് പുറത്തിറങ്ങും. ഇത് സംസ്ഥാനഘടകങ്ങൾ മൊഴി മാറ്റി ജനങ്ങളിൽ എത്തിക്കും.
കണ്ടെയ്ൻമെന്റ് മേഖലകളിൽ ഉൾപ്പെടാത്ത പത്ത് കോടി കുടുംബങ്ങളിൽ പ്രധാനമന്ത്രിയുടെ കത്ത് വിതരണം ചെയ്യും. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി കത്ത് എത്തിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചത്. രാജ്യവ്യാപകമായി ഇന്ന് വിർച്വൽ റാലികളും ഓൺലൈൻ സമ്മേളനങ്ങളും നടക്കും.
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാർ പൂർണ ആത്മവിശ്വാസത്തിലൂടെയും ഊർജസ്വലതയിലൂടെയും ലോകം നമ്മെ നോക്കിക്കാണുന്ന രീതി മാറ്റിമറിച്ചുവെന്നും പ്രധാനമന്ത്രി കുറിക്കുന്നു. കയ്യടിക്കുന്നതിലൂടെയും വിളക്ക് കൊളുത്തുന്നതിലൂടെയും കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലൂടെയും ജനതാ കർഫ്യൂ, രാജ്യവ്യാപകമായ ലോക്ക്ഡൗൺ എന്നീ സമയങ്ങളിൽ നിയമങ്ങൾ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്നും ജനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
സ്വന്തം കഴിവുകളെ അടിസ്ഥാനമാക്കി നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ഒരു വഴി മാത്രമാണുള്ളത്, ആത്മനിർഭർ ഭാരത്. ഇത് ഓരോ ഇത്യാക്കാരനെയും അവസരങ്ങളുടെ പുതിയ ഒരു യോഗത്തിലേക്ക് നയിക്കും. അതിന് പുറമെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ചും അദ്ദേഹം കത്തിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ ആർട്ടിക്കിൾ 370 പിൻവലിച്ചതും അയോധ്യ വിധി, പൗരത്വ നിയമ ഭേദഗതി നിയമം എന്നിവയും പ്രധാനമന്ത്രി തന്റെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
'നമ്മുടെ ഇന്നും നാളെയും നമ്മൾ തന്നെ തീരുമാനിക്കും. വളർച്ചയുടെ പാതയിൽ നമ്മൾ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും, വിജയം നമ്മുടേതാണ്.' - പ്രധാനമന്ത്രി കത്തിൽ കുറിച്ചു.