ന്യൂഡല്‍ഹി: കൃഷിക്ക് വന്‍ഭീഷണിയായി പറന്നെത്തുന്ന വെട്ടുകിളികളെ തുരത്താന്‍ തീവ്ര പ്രയത്‌നത്തിലാണ് ഉത്തര്‍പ്രദേശ് മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അധികൃതരും കര്‍ഷകരും. വെട്ടുകിളികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ രാത്രികാലത്താണ് തുടങ്ങുന്നത്. പൊലീസ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കിയും വീട്ടുപകരണങ്ങള്‍ തട്ടി ഒച്ചയുണ്ടാക്കിയും വെട്ടുകിളികളെ ഓടിക്കാനുള്ള ശ്രമങ്ങളും ജനങ്ങള്‍ നടക്കുന്നുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും പരക്കെ നാശമുണ്ടാക്കിയ ശേഷമാണ് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കു വെട്ടുകിളികള്‍ പറന്ന് എത്തിയത്.
വെട്ടുകിളികള്‍ കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായാണ് നീങ്ങുന്നത്. ഇവ പകല്‍ മാത്രമാണു പറക്കുന്നത്. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകള്‍ തിന്ന് വന്‍നാശനഷ്ടമുണ്ടാക്കുകയാണ് രീതി. ഇതിനെ തുടർന്ന് അധികൃതരും കര്‍ഷകരും ഉറക്കമിളച്ചിരുന്നു വെട്ടുകിളികളെ തുരത്താനുള്ള തയാറെടുപ്പിലാണ് ഇവർ . രാത്രി അവയെ വിശ്രമിക്കാന്‍ അനുവദിക്കരുതെന്നാണ് ഡല്‍ഹി കാര്‍ഷിക വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ നഴ്‌സറികളില്‍ പോളിത്തീന്‍ ബാഗ് ഉപയോഗിച്ച് വിളകള്‍ പൊതിഞ്ഞു സൂക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയായി വെട്ടുകിളികള്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രി കീടനാശിനികള്‍ തളിച്ച് ആയിരക്കണക്കിനു വെട്ടുകിളികളെ കൊന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ കുറച്ചെണ്ണം പരീച്ചാ ടൗണ്‍ ലക്ഷ്യമാക്കി നീങ്ങിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാറ്റിന്റെ ഗതിക്കനുസരിച്ചാവും അവയുടെ നീക്കമെന്ന് കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കമല്‍ കത്യാര്‍ പറഞ്ഞു. ലളിത്പുര്‍, ആഗ്ര, മഥുര, ഷാംലി, മുസാഫര്‍നഗര്‍, ഭാഗ്പത്, മഹോബ, ബാന്‍ഡ, ചിത്രകൂട്, ജലൗന്‍, ഇറ്റവ, കാണ്‍പുന്‍ ദെഹത് തുടങ്ങിയ ജില്ലകളിലാണ് വെട്ടുകിളി ഭീഷണി ഏറെയുള്ളത്. ഡ്രമ്മുകള്‍, ലോഹടിന്നുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ കൊട്ടി വലിയ ശബ്ദമുണ്ടാക്കി വെട്ടുകിളികളെ ഓടിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ കര്‍ഷകര്‍ക്കും സമാനനിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. മന്ദ്‌സൗറില്‍ കര്‍ഷകര്‍ വെട്ടുകിളികളെ തുരത്താന്‍ ചെയ്തത് ശ്രദ്ധേയമാവുന്നു. ഡിജെ പാര്‍ട്ടി നടത്തുന്നവരെ വാടകയ്‌ക്കെടുത്ത് പാടങ്ങള്‍ക്കു സമീപം വലിയ ശബ്ദകോലാഹലത്തോടെ സംഗീതനിശകള്‍ തന്നെയാണ് അവര്‍ നടത്തിയത്. ചില വാഹനങ്ങളുടെ ഹോണ്‍ നീട്ടി മുഴക്കും. പന്നയില്‍ അധികൃതര്‍ പൊലീസ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കിയും വെട്ടുകിളികളെ തുരത്താന്‍ സഹായിക്കുന്നുണ്ട്. വെട്ടുകിളി ശല്യം ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള ആലോചനയിലാണെന്ന് മധ്യപ്രദേശ് കൃഷി മന്ത്രി കമല്‍ പട്ടേല്‍ വ്യക്തമാക്കി . പ്രഖ്യാപനം ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്തിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ കൃഷിനാശമാണ് വെട്ടുകിളികള്‍ മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ വരുത്തിയത്. വെട്ടുകിളികളുടെ ആക്രമണത്തിന് ഓറഞ്ച് തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ഇരയായി. നാഗ്പുര്‍ ജില്ലയിലെ വിവിധയിടങ്ങളിലാണ് 17 കിലോമീറ്റര്‍ വിസ്തൃതിയില്‍ പറന്നെത്തിയ വെട്ടുകിളികള്‍ നാശംവിതച്ചത്. ഇപ്പോഴതു കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയാണ്. അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത് ഹരിയാനയിലെ ഏഴു ജില്ലകളിലാണ്. കീടനാശിനികള്‍ നിറച്ച ട്രാക്ടറുകളാണ് വെട്ടുകിളികളെ തുരത്താന്‍ രംഗത്തുള്ളത്. ഒഡീഷ സര്‍ക്കാരും കര്‍ഷകര്‍ക്കു വെട്ടുകിളി പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് രാജസ്ഥാനിലാണ്. കൃഷിഭൂമിയില്‍ വെട്ടുകിളികള്‍ നാശംവിതച്ചത് 20 ജില്ലകളിലായി 90,000ഹെക്ടറാണ്.
. ശ്രീഗംഗാനഗര്‍ ജില്ലയില്‍ മാത്രം 40,000 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളയാണു നശിച്ചത്. ഒരു ദിവസം കാറ്റിന്റെ സഹായത്തോടെ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന വെട്ടുകിളികള്‍ക്ക് അവയുടെ ശരീരഭാരത്തേക്കാള്‍ കൂടുതല്‍ ആഹാരം കഴിക്കാനാകും. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പറന്നെത്തുന്ന സംഘത്തില്‍ 4 കോടി വെട്ടുകിളികള്‍ ഉണ്ടാകും. മണ്ണിന്റെ ഈര്‍പ്പവും ആഹാരലഭ്യതയും അനുസരിച്ചാണ് ഇവ പെരുകുന്നത്.
ഡല്‍ഹിക്കു നേരെയും ഭീഷണി ഉണ്ടായിരുന്നെങ്കിലും അതു വഴിമാറിയതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍ ഇപ്പോൾ. രാജസ്ഥാനില്‍നിന്ന് ഡല്‍ഹി ലക്ഷ്യമിട്ടു സഞ്ചരിച്ചിരുന്ന വെട്ടുകിളികള്‍ വഴിമാറി മധ്യപ്രദേശിലേക്കു പോയെന്നാണു വെട്ടുകിളി നിയന്ത്രണ ഓഫീസർ വ്യക്തമാക്കി. എന്നാല്‍ ആശങ്ക മാറിയിട്ടില്ലെന്നും ഇന്ത്യ- പാക്ക് അതിര്‍ത്തിയിലായി വെട്ടുകിളിക്കൂട്ടം രൂപപ്പെടുന്നുവെന്നുമാണു വിദഗ്ധരുടെ നിഗമനം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ വെട്ടുകിളി മുന്നറിയിപ്പ് സംഘം (എല്‍എംഒ) ഇക്കൊല്ലം ഏപ്രിലില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാനില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു വെട്ടുകിളി ആക്രമണം ഉണ്ടായത്. ഇക്കൊല്ലം ഫെബ്രുവരി വരെ തുടര്‍ന്ന ആക്രമണത്തില്‍ 12 ജില്ലകളിലായി 6,70,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്. ആയിരം കോടി രൂപയുടെ കൃഷിനാശമാണു കണക്കാക്കിയിരിക്കുന്നത്.
കൈവെള്ളയില്‍ ഒതുങ്ങുന്ന ചെറുജീവിയാണ് വെട്ടുകിളി. ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ കൂട്ടത്തോടെ തീറ്റതേടി എത്രദൂരം വേണമെങ്കിലും പറക്കും. ഇവ വിളകള്‍ തിന്നുതിരിക്കുന്നത് ആക്രമണ സ്വഭാവത്തോടെയാണ്. വീടുകളിലും കടന്നുവരാം. ഒരു വെട്ടുകിളിക്ക് 300 മുട്ടകള്‍ വരെ ഇടാനാകുമെന്നും കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറഞ്ഞു. രണ്ടാഴ്ചകൊണ്ടു ലക്ഷക്കണക്കിനു വെട്ടുകിളികളാണ് വിരിഞ്ഞിറങ്ങുന്നത്. എന്നാല്‍ ഇവ മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കില്ല. രോഗങ്ങള്‍ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല. വെട്ടുകിളിക്കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) വിലയിരുത്തല്‍.