ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്തിയതായ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭിക്കും.'ആത്മനിര്‍ഭര്‍ ഭാരത്'പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കൂടിയാണ് പരിഗണിക്കപ്പെട്ടത്.
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത് 2020-21 കാലത്തേക്കു മാത്രമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. അര ശതമാനം കടമെടുപ്പ് ഒരു നിബന്ധനയും ഇല്ലാതെയാണ്. തുക വിനിയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണമെന്നതാണ് നിബന്ധന. ഇതിന് നാലു മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ നടപ്പാക്കല്‍, വിവിധ സംരംഭങ്ങള്‍ എളുപ്പത്തില്‍ രാജ്യത്ത് ആരംഭിക്കാന്‍, കാര്യക്ഷമമായ വൈദ്യുതി വിതരണം, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം എന്നിവയാണ് ഇവ.
ഈ മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. നാലില്‍ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാല്‍ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം. കേരളത്തിന് പുതിയ തീരുമാനപ്രകാരം ഏകദേശം 18,000 കോടി അധികമായി കടമെടുക്കാം. മുന്‍പ് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ തീരുമാനം വൈകിയതിന്റെ പേരില്‍ കേരളം കേന്ദ്രത്തിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.