കോഴിക്കോട് : ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പങ്ക് വെക്കുന്ന ഇൻട്രോഡക്ഷൻ പോസ്റ്റുകൾ അപകടകരമാണെന്നുള്ള അറിയിപ്പ് ആണ് കോഴിക്കോട് സൈബർഡോം നൽകുന്നത്. പേരും സ്ഥലവും കൂടാതെ വ്യക്തിപരമായ മറ്റെല്ലാ വിവരങ്ങളും പങ്കുവെക്കുന്നവർ തട്ടിപ്പിനിരകളാകാൻ സാധ്യതയുണ്ടെന്നും സൈബർഡോം ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ സമയത്താണ് കൂടുതലായും ഇത് പോലെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇൻട്രോഡക്ഷൻ പോസ്റ്റുകളും വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് പോസ്റ്റുമായി കോഴിക്കോട് സൈബർഡോം ടീമും.
കോഴിക്കോട് സൈബർഡോമിന്റെ പോസ്റ്റ് :
സോഷ്യൽ മീഡിയ പബ്ലിക് ഗ്രൂപ്പ്സ് ഒരു അവലോകനം..
പബ്ലിക് ഗ്രൂപ്പിൽ എങ്ങനെ പെരുമാറണമെന്ന് ഓരോ ഗ്രൂപ്പ് അഡ്‌മിൻസും എഴുതി വെക്കാറുണ്ട്.ഒരു പരിധി വരെ എല്ലാവരും അത് അനുസരിക്കാറുമുണ്ട്. പല പല പേരിലുള്ള ഒരുപാടു K ഉം, M ഉം മെമ്പേഴ്സും ഉള്ള ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇങ്ങനെ ഉള്ള ഗ്രൂപ്പിൽ പുതിയതായി ജോയിൻ ചെയുന്ന ആളുകളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സൈബർഡോം കോഴിക്കോട് ഈ പോസ്റ്റ് ചെയ്യുന്നത്.
നിങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരുപാടു പേരുടെ ഒരു കൂട്ടമാണ് ആ സ്പേസ്. നിങ്ങളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ വഴി നിങ്ങളെ കുറിച്ചുള്ള എന്തെല്ലാം വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത് എന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ ഫോട്ടോ, പേര്, സ്ഥലം, ജോലി, പ്രായം തുടങ്ങി ഫോൺനമ്പറും ഇമെയിൽ ഐഡിയും വരെ ഷെയർ ചെയ്യുന്ന ആൾക്കാർ ഉണ്ട്. പല സൈബർ ക്രൈമിലും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വിവരങ്ങൾ ഇങ്ങനേ ശേഖരിക്കുന്നത് ആണ്. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്ക് പ്രധാനപ്പെട്ടത് ആവണമെന്നില്ല. എന്നാൽ മറ്റൊരാൾക്ക് (സൈബർ ക്രിമിനലുകൾ) അത് വളരെ പ്രധാനപ്പെട്ടതാവും.
ഇങ്ങനെ നിങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ ആ ഗ്രൂപ്പിൽ ഉള്ള നിങ്ങൾ അറിയാത്ത ലോകത്തു എവിടേയോ ഇരിക്കുന്ന ആരോ ഒരാൾ ദുരുപയോഗം ചെയ്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും. അതുകൊണ്ടു ഓരോ പോസ്റ്റും ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ പബ്ലിക് ആവുന്നുണ്ടന്ന് മനസിലാക്കി ചെയ്യുക.