കോയമ്പത്തൂർ : ലോക്ക്ഡൗൺ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് വിശപ്പിന്റെ വിളി. ഭക്ഷണത്തിന് വേണ്ടി ഹോട്ടലുകളെ ആശ്രയിച്ചിരുന്നവർ പട്ടിണിയിലുമായി. എന്നാൽ തമിഴ്നാട്ടിലെ പെരൂരിലെ വടിവേലംപാളയം എന്ന സ്ഥലത്ത് ആരും പട്ടിണി കിടക്കില്ല. വയറുനിറയ്ക്കാൻ ഇഡലിയുമായി ഈ 85 വയസ്സുകാരി ഇവിടെയുണ്ട്.
കമലതാൽ എന്ന ഇഡലി പാട്ടി, പാട്ടിയമ്മ എന്ന പേരിലും അറിയപ്പെടുന്നു. മുമ്പും ഒരു രൂപക്ക് ഇഡലി വിൽക്കുന്ന പാട്ടിയമ്മ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്ത് വീണ്ടും നന്മ നിറഞ്ഞ വാർത്തയുമായി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് ഏറെ സഹായകരമായിരിക്കുകയാണ് കമലതാൽ. മുപ്പത് വർഷമായി ഇവർ ഇവിടെ ഇഡലി ബിസിനസ്സ് നടത്തുന്നുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ബിസിനസ്സ് നഷ്ടത്തിലായെങ്കിലും ഇപ്പോഴും വിശന്ന് വരുന്നവർക്ക് ഒരു രൂപയ്ക്കാണ് പാട്ടിയമ്മ ഇഡലി നൽകുന്നത്. ഈ സമയത്ത് നാട്ടിൽ പോകാൻ സാധിക്കാതെ ലോക്ക്ഡൗണിൽ പെട്ടുപോയവർക്കാണ് ഇത് ഏറ്റവും കൂടുതൽ അനുഗ്രഹമായത്.
ലാഭത്തെക്കാളേറെ ഒരാളുടെ വിശപ്പ് ഇല്ലാതാക്കാൻ സാധിക്കുന്നു എന്നതിലാണ് പാട്ടിയമ്മ സന്തോഷം കണ്ടെത്തുന്നത്. ഇഡലിയും സാമ്പറുമാണ് ഇവരുടെ സ്‌പെഷ്യൽ. ഒരു രൂപ ഇഡലി പാട്ടിയെ തേടി പലരും സഹായഹസ്തവുമായി ഇവിടെ എത്തിച്ചേരാറുണ്ട്.