തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാറ്റിവെച്ച കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പരീക്ഷകൾ ജൂൺ മുതൽ നടക്കും. എന്നാൽ പൊതുഗതാഗതം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ വന്നതിന് ശേഷം മാത്രമേ പരീക്ഷ തിയ്യതികൾ പ്രഖ്യാപിക്കുകയുള്ളൂ. സാമൂഹിക അകലവും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും കണക്കിലെടുത്തായിരിക്കും പരീക്ഷകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
കുറച്ച് അപേക്ഷകർ മാത്രമുള്ള പരീക്ഷകൾ ജൂണിൽ തന്നെ ഓണ്ലൈൻ ആയി നടത്തുവാനും കൂടുതൽ അപേക്ഷകരുള്ള പരീക്ഷകൾ ആഗസ്റ്റ് മുതൽ OMR ഷീറ്റ് ഉപയോഗിച്ച് നടത്തുവാനും PSC തീരുമാനിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ 62 ഒഴിവുകളിലേക്കായി 26 പരീക്ഷകൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്തുവാനാണ് PSC തീരുമാനിച്ചിരുന്നത്. മാറ്റിവെച്ച പരീക്ഷകൾ ജൂണ്, ജൂലൈ മാസങ്ങളിലായി നടത്തുവാനും കൂടുതൽ അപേക്ഷകരുള്ള പരീക്ഷകൾ ആഗസ്റ്റിൽ നടത്തുവാനുമുള്ള തയ്യാറെടുപ്പുകൾ തുടങ്ങുവാനും PSC ചെയർമാൻ MK സക്കീറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇതിനകം തന്നെ അച്ചടിച്ചുകഴിഞ്ഞതിനാൽ കൂടുതൽ നാൾ അത് സൂക്ഷിക്കാൻ സാധ്യമല്ല എന്ന് അധികൃതർ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് ഏകദേശം 6.90 ലക്ഷം അപേക്ഷകൾ ആണ് ഇത് വരെ ലഭിച്ചിട്ടുള്ളത്. സെപ്റ്റംബറിൽ നടത്താൻ ഉദ്ദേശിച്ച ഈ പരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്താൻ ആണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. നിലവിലുള്ള റാങ്ക് പട്ടികക്ക് 2021 ജൂണ് വരെയാണ് കാലാവധിയുള്ളത്.
ഏകദേശം 1.07 ലക്ഷം ആളുകൾ ലോവർ പ്രൈമറി അധ്യാപക ഒഴിവുകളിലേക്കും 36,000 ആളുകൾ അപ്പർ പ്രൈമറി ഒഴിവുകളിലേക്കും അപേക്ഷിച്ചിട്ടുണ്ട്. ഈ രണ്ട് ഒഴിവുകളിലേക്കുമുള്ള നിലവിലെ റാങ്ക് പട്ടിക 2021 ഡിസംബറിൽ കാലാവധി തീരും. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് 73,000 പേരാണ് ഇതിനകം അപേക്ഷിച്ചിട്ടുള്ളത്. ഈ ഒഴിവിലേക്കുള്ള പരീക്ഷയും ഈ വർഷം തന്നെ നടത്തുന്നതാണ്. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി 2021 ജൂലൈ വരെയാണ്. ലോവർ ഡിവിഷൻ ക്ലർക്ക് പരീക്ഷയും ലാസ്റ്റ് ഗ്രേഡ് പരീക്ഷയും നവംബർ അവസാനത്തോടെ നടത്തുമെന്നാണ് PSC അധികൃതർ അറിയിക്കുന്നത്.
പോലീസ്, എക്‌സ്സൈസ് വകുപ്പുകളിലേക്കുള്ള എഴുത്തുപരീക്ഷകളും ഫിസിക്കൽ പരീക്ഷകളും നടത്തുക എന്നതാണ് PSCക്ക് മുമ്പിലുള്ള വെല്ലുവിളി. ഈ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് കാലാവധി ഒരു കൊല്ലം ആണ്. ഇത് സംബന്ധിച്ച് PSC ഉടനെ തന്നെ തീരുമാനം എടുക്കുമെന്നാണ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.