തിരുവനന്തപുരം: കേരളത്തില്‍ നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. മെയ് 26 മുതല്‍ നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തീയതി പിന്നീട് അറിയിക്കും. കൂടാതെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച തുറക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യല്‍ അനുവദിക്കില്ല. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അന്തര്‍ജില്ല യാത്രകള്‍ക്ക് നിലവിലുള്ള പാസ് സമ്പ്രദായം തുടരും. ഇതിനുള്ള നടപടികള്‍ ലളിതമാക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയാണ് വേണ്ടത്.