വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ നടപടിയില്‍ ട്രംപിനേയും ഭരണകൂടത്തെയും വിമര്‍ശിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ട്രംപ്. ഒബാമ 'കഴിവില്ലാത്ത പ്രസിഡന്റ്' ആയിരുന്നെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് 'ഒബാമ തികച്ചും കഴിവുകെട്ട പ്രസിഡന്റ്' ആയിരുന്നുവെന്ന് ട്രംപ് വിമര്‍ശിച്ചത്.
കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ നിലവാരമില്ലാത്തതാണെന്നും, അത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ഒബാമ തുറന്നടിച്ചിരുന്നു. ഇതിനെതിരായാണ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല എന്നും കോവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്നും ഒബാമ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും ശക്തമാക്കിയതിന്റെ ഫലമായി രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 15,27,664 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 90,978 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.