ആളുകൾക്കിടയിൽ നിലനിൽക്കുന്ന, കെട്ടുകഥകളെന്ന് തോന്നിക്കുന്ന ചുരുക്കം ചില ഭാർഗവി നിലയങ്ങളെ പരിചയപ്പെടുത്തുന്നു.
1. തിരുവനന്തപുരം ജില്ലയിലാണ് ബോണക്കാട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടനിൽ നിന്നുമെത്തിയ സായിപ്പ് പണികഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. ഈ ബംഗ്ലാവിൽ താമസിച്ച് കൊണ്ടിരുന്ന സമയത്ത് തന്റെ ഒരേ ഒരു മകൾ മരിച്ചതിൽ വിഷമം തോന്നിയ സായിപ്പ് തിരിച്ച് ബ്രിട്ടനിലേക്ക് തന്നെ പോവുകയായിരുന്നു. അഗസ്ത്യാർ മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ പ്രദേശം ആണ് ബോണക്കാട്. ബ്രിട്ടീഷ് വാസ്തുരീതിയിൽ പണി കഴിപ്പിച്ച 25GB എന്നറിയപ്പെടുന്ന ബംഗ്ലാവ് ഇന്ന് അനാഥമായ അവസ്ഥയിലാണ്. ബംഗ്ലാവുമായി ബന്ധപ്പെട്ട കഥകൾ വെറും കെട്ടുകഥകൾ ആണെന്നാണ് ഇവിടം സന്ദർശിച്ചവർ പറയുന്നത്.
2. ഒരുപാട് കഥകളുറങ്ങുന്ന മറ്റൊരു സ്ഥലമാണ് കാര്യവട്ടം ക്യാമ്പസിലെ ഹൈമവതികുളം. ഹൈമവതി എന്ന വിദ്യാർത്ഥിനി ഇവിടെ വീണ് മരിച്ചെന്നാണ് കഥകൾ. രാത്രികാലങ്ങളിൽ ഇത് വഴി സഞ്ചരിക്കുന്നവർ സാധാരണ മനുഷ്യന്റെ ഇരട്ടി വലുപ്പമുള്ള ഒരു രൂപം കാണാറുള്ളതായും ആളുകൾ പറയുന്നു. ഇതും കെട്ടുകഥയാണെന്നാണ് പലരും പറയുന്നത്.
3. ഗേറ്റ് വേ ടു വയനാട് എന്നറിയപ്പെടുന്ന ലക്കിടി വർഷത്തിൽ 365 ദിവസവും മഴ പെയ്യുന്ന സ്ഥലമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പെടുന്നതാണ് ലക്കിടി. ലക്കിടിയിലെ ചെയിൻ ട്രീ അഥവാ ചങ്ങല മരം വളരെ പ്രശസ്തമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കരിന്തണ്ടൻ എന്നറിയപ്പെടുന്ന ആദിവാസി മൂപ്പൻ ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്കുള്ള എളുപ്പവഴി കാണിച്ചുകൊടുത്തു. ഇതിന് പാരിതോഷികമായി ആ മൂപ്പനെ ബ്രിട്ടീഷുകാർ കൊന്നുകളഞ്ഞു. ഗതികിട്ടാതെ കരിന്തണ്ടന്റെ ആത്മാവ് ഇവിടെ അലഞ്ഞുനടന്നിരുന്നു എന്നും അതിന് ശേഷം ചങ്ങലമരത്തിൽ ബന്ധിച്ചതിന് ശേഷമാണ് സ്ഥിതി ശാന്തമായത് എന്നും പറയപ്പെടുന്നു.
4. പേരണ്ടൂർ കനാലിനടുത്തുള്ള ഒരു ഭീതിജനകമായ സ്ഥലമാണ് അടുത്ത ഭാർഗവി നിലയം . ഇടപ്പള്ളിയിലുള്ള ഒരു യുവതിയെ അപായപ്പെടുത്തിയ യുവാവിനെതിരെ രാജാവ് നടപടിയെടുത്തെന്നും ആ യുവാവ് ആത്മഹത്യചെയ്‌തെന്നുമാണ് പറയുന്നത്. ആ യുവാവിന്റെ ആത്മാവ് ഇന്നും വടുതലയിലുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ കഥകളെല്ലാം കെട്ടുകഥകൾ മാത്രമായിരിക്കാം. പണ്ടാരോ പറഞ്ഞ് നിർത്തിയ കഥകൾ പിന്തുടരുന്നതായിരിക്കാം. നഗരക്കാഴ്ചകളിൽ ഈ പഴങ്കഥകൾക്ക് സ്ഥാനമില്ലായിരിക്കാം.