തിരുവനന്തപുരം: പുതിയ ലോക്ഡൗണ്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലക്കകത്ത് ബസ് സര്‍വിസുകള്‍ നടത്താന്‍ അനുമതി. ഹോട്ട്‌സ്‌പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ് സര്‍വിസ് നടത്തുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
നിശ്ചിത യാത്രക്കാരെ മാത്രമാവും ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക. അതായത് ഒരു ബസില്‍ 24 യാത്രക്കാരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി യും, സ്വകാര്യ ബസ് ഉടമകളും അറിയിച്ചിട്ടുണ്ട്. വസ്തുതപരമായി ശരിയായ കാര്യമാണ് ഇതെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായ് നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഇപ്പോള്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓട്ടോ സര്‍വീസും അനുവദിക്കാനും ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തു. പൊതു ജീവിതം സ്തംഭിക്കാതിരിക്കാനാണ് പരിമിത ഗതാഗത സൗകര്യങ്ങള്‍ ആരംഭിക്കാനുള്ള നീക്കം നടത്തുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.