കോട്ടയം: തൊഴിലുറപ്പ് ജോലി 'നിരീക്ഷിക്കാനെത്തിയ' പെരുംപാമ്പിനെ പിടികൂടി. കോട്ടയം പാലായ്ക്ക് സമീപമാണ് തൊഴിലുറപ്പ് ജോലിയ്ക്കിടെ പണികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന 'അതിഥി 'യെ പിടികൂടിയത് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് പെരുംപാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്.
എട്ടാം വാര്‍ഡില്‍ പഴയപറമ്പില്‍ പിഎം തോമസ് എന്നയാളുടെ പുരയിടത്തിലായിരുന്നു ഇന്ന് ജോലി. രാവിലെ ജോലി ആരംഭിച്ചതിന് പിന്നാലെ തൊഴിലാളികള്‍ പെരുംപാമ്പിനെ കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. പഞ്ചായത്തില്‍ നിന്നും വനംവകുപ്പിനെയും വിവരം അറിയിച്ചു. വനംവകുപ്പ് എത്താന്‍ വൈകിയതോടെ മേഖലയില്‍ പെരുമ്പാമ്പിനെ കാണുന്നതിനായി ആളുകൾ കൂടുകയും ചെയ്തു.
റബ്ബർ തോട്ടത്തിലെ മതിലിന്റെ പൊത്തിൽ ഒളിച്ച പാമ്പിനെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സെന്റ് കണ്ടത്തിലും റജി പടിഞ്ഞാറേ മുറിയിലും ചേർന്ന് മണ്ണ് മാറ്റിയ ശേഷം പിടികൂടുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു പൂവേലി, സജോ പൂവത്താനി തുടങ്ങിയവരും പാമ്പ് പിടുത്തതിൽ സഹായികളായിരുന്നു. . അഞ്ചടിയോളം നീളവും പത്ത് കിലോയോളം തൂക്കവും ഉള്ള പെരുമ്പാമ്പാണ് പിടിയിലായത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. അപ്രതീക്ഷിതമായി ലോക്ഡൗണിൽ എത്തിയ അതിഥിയെ കാണാൻ നാട്ടുകാരും എത്തിയിരുന്നു.