പൂഞ്ഞാര്‍: കോവിഡ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുവാന്‍ ഓണ്‍ലൈന്‍ കാര്‍ഷിക വിപണിയുമായി പൂഞ്ഞാറിന്റെ സ്വന്തം പി.സി. ജോര്‍ജ് എം.എല്‍.എ. ''പൂഞ്ഞാര്‍ കാര്‍ഷിക വിപണി'' എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ആധുനിക വിപണനത്തിന്റെ പുതിയ വഴികള്‍ തന്റെ മണ്ഡലത്തില്‍ ആരംഭിക്കാന്‍ പോകുന്നത്.
നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തിലേയും, ഒരു നഗരസഭയിലേയും കര്‍ഷകരുടെ എല്ലാ കാര്‍ഷിക വിളകളും, മൂല്യവര്‍ധിത ഉത്പന്നങ്ങളും അവരവരുടെ വീടുകളില്‍ ഇരുന്ന് വിപണനം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംരഭത്തിന്റെ ഭാഗമായി കൃഷി വകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത്തല മാര്‍ക്കറ്റുകള്‍ ശക്തിപ്പെടുത്തുക, സഹകരണ സംഘങ്ങളുമായി സഹകരിച്ച് കൃഷിക്കാവശ്യമായ വായ്പകള്‍ നല്‍കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക, ന്യായവിലയില്‍ വിത്തും, വളവും ലഭ്യമാക്കുക എന്നിങ്ങനെയുള്ള പദ്ധതികളാണ് പ്രധാനമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളും ഇതില്‍ പങ്കാളികള്‍ ആകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.