ന്യൂഡല്‍ഹി: ലോക്ഡൗണിന്റെ നാലാം ഘട്ടത്തില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി. അവശ്യവസ്തുക്കളും അല്ലാത്തവയും ഡെലിവറി ചെയ്യാനുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
റെഡ് സോണുകളില്‍ ഉള്‍പ്പെടെ കമ്പനികള്‍ക്ക് വസ്തുക്കള്‍ ഡെലിവറി ചെയ്യാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിതരണത്തിനു വിലക്കുണ്ട്. ഇവിടെ അവശ്യ വസ്തുക്കളുടെ വിതരണം മാത്രമേ അനുവദിക്കൂ.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിരീക്ഷണം കര്‍ശനമാക്കുമെന്നും മെഡിക്കല്‍, അവശ്യസേവനങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരീക്ഷിക്കുമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു. ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് പുതിയ ഇളവുകള്‍.