പാലാ : പ്രകൃതിയിലെ മധുരം ഉൽപ്പാദിപ്പിക്കുന്ന തേൻ കർഷകർക്ക് ലോക്ക് ഡൗൺ സമ്മാനിച്ചത് കൈപ്പ് മാത്രം. സീസണിലെ വിൽപ്പന കണ്ടു ചെറുകിട ഉൽപ്പാദകരിൽ നിന്നും തേൻ സംഭരിച്ച തേൻ കർഷകർ തങ്ങളുടെ ഉൽപ്പന്നം വിറ്റ് പോകാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. ലോക്ക് ഡൗണിന് മുൻപ് തന്നെ സീസൺ തീർന്നിരുന്നു. ഇപ്രാവശ്യം ഉൽപ്പാദനം കൂടുതലുമായിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ജോലിക്കാരെയും കൂട്ടി വിൽപ്പനയ്ക്ക് തയ്യാറാക്കിയ പതിനായിരം കിലോയിലേറെ തേൻ ഇപ്പോൾ കെട്ടി കിടക്കുന്ന അവസ്ഥയിലുമാണ്.
കോട്ടയത്തെ രണ്ട് പ്രധാന തേൻ കർഷകരുടെ കഥ നോക്കാം റബ്ബർ കർഷകനായ പൂവേലിക്കൽ മാമച്ചൻ, സണ്ണി ഓമ്പള്ളി എന്നീ തേൻ കർഷകർ പറയുന്നതനുസരിച്ചു സർക്കാർ അടിയന്തിരമായി ഇടപെടേണ്ട ഒരു മേഖല തന്നെയാണ് തേൻ കർഷക മേഖല. തേനീച്ചകൾ ഇല്ലെങ്കിൽ നാടിൻറെ ഗതി തന്നെ മാറി പോവുമെന്നും, പരാഗണം നടക്കാതെ ഉൽപ്പാദനം കുറയുമെന്നും ഇവർ കണക്കുകൾ സഹിതം സമർത്ഥിക്കുന്നു.
റബ്ബറിന് വില ഇല്ലാതായതോടെ തേൻ വിറ്റാണ് പാലാ കരൂർ പഞ്ചായത്തിലെ പോണാട് ഭാഗത്തുള്ള ഈ കർഷകർ രണ്ടു പേരും കുടുംബം പുലർത്തുന്നത്. കഴിഞ്ഞ 20 വർഷമായി ഇവർ തേൻ ഉത്പാദന രംഗത്ത് ഉണ്ടെങ്കിലും ഇരുവരും ഇതുപോലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ല. പതിനായിരം കിലോയിലധികം തേനാണ് ടാങ്കിൽ കെട്ടി കിടക്കുന്നത്. എല്ലാ കാലത്തും വിൽപ്പന ക്രമീകരിക്കാൻ ചില്ലറ വില്പനക്കാരിൽ നിന്നും ശേഖരിച്ച തേനും എല്ലാമായാണ് വില്പനയില്ലാതെ കെട്ടിക്കിടക്കുന്നത്.
സാധാരണ ആയുർവേദ മരുന്ന് കമ്പനികളാണ് തേൻ വാങ്ങിച്ചു കൊണ്ടിരുന്നത്.എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവർ ഒന്നടങ്കം തേൻ വാങ്ങൽ നിർത്തിയതോടെ പ്രതിസന്ധിയിലായത് ഒരു പിടി തേൻ കർഷക കുടുംബങ്ങളുടെ പ്രതീക്ഷകളാണ്.. രാമപുരം.,കരൂർ,മീനച്ചിൽ.,ഭരണങ്ങാനം., മൂന്നിലവ് മേഖലകളിൽ നൂറു കണക്കിന് കർഷക കുടുംബങ്ങളുടെ ജീവിത പ്രശ്നമാണ് ഈ തേൻ വിപണി ഇല്ലാതായതോടെ പ്രതിസന്ധിയിലായത്.
സാധാരണ കർഷക കുടുംബങ്ങൾക്കു 200 താഴെ റബ്ബർ മരങ്ങളാണ് വെട്ടാനുള്ളത്.കിലോയ്ക്ക് നൂറിൽ താഴെ വില വന്നപ്പോൾ കുടുംബ ചിലവുകൾ തേൻ വിറ്റു കിട്ടുന്നതിലൂടെയാണ് നടത്തിയിരുന്നത്.കുട്ടികളുടെ പഠിപ്പും ,ബാങ്ക് ലോണും.,ജീവിത ചിലവും എല്ലാം കുഴഞ്ഞു മറിയുമ്പോൾ ഏക ആശ്രയമായിരുന്ന തേനും ഇപ്പോൾ ചതിച്ചിരിക്കുകയാണ്. രാജ്യത്തെ തേൻ കർഷകർക്ക് അഞ്ഞൂറ് കോടിയോളം രൂപയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ഇത് കേരളത്തിലെ കർഷകർക്ക് എത്രത്തോളം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.