പാലാ: റബ്ബർ കർഷകരോടുള്ള വഞ്ചന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.
റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിച്ചു കർഷകർക്കു ആശ്വാസം പകരണം. റബ്ബർ അസംസ്കൃത വസ്തുവായ ഉത്പന്നങ്ങൾക്കു അനുദിനം വില വർദ്ധിക്കുന്നു. എന്നാൽ റബ്ബർ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. ജീവിത ചെലവിനും ഉത്പാദന ചെലവിനും ആനുപാതികമായി കർഷകർക്കു വില ലഭ്യമാക്കണം. റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകരെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
പാർട്ടി നേതാക്കളായ ജോസ് പാറേക്കാട്ട്, സജി മഞ്ഞക്കടമ്പിൽ, തോമസ് ഉഴുന്നാലിൽ, ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂച്ചേരിൽ, അഡ്വ. എബ്രാഹം തോമസ്, ബാബു മുകാല തുടങ്ങിയവർ പ്രസംഗിച്ചു.