കൊല്ലം: ഉത്രയുടെ വധവുമായ് ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായ് ചോദ്യം ചെയ്തു വരുകയാണ്. സൂരജിന്റെ കുടുംബാഗങ്ങളുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
അതിനിടെ, സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സൂരജിനെയും അച്ഛനെയും അന്വേഷണസംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്.
ഇന്നലെ രാത്രിയാണ് സൂരജിന്റെ അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്രയുടെ 38 പവന്‍ സ്വര്‍ണം സൂരജ് മീനിനെ വളര്‍ത്തിയിരുന്ന കുളത്തിനരികിലും വീടിന്റെ ചുമരിനോടു ചേര്‍ന്നുമാണ് ആഭരണങ്ങള്‍ കുഴിച്ചിട്ടിരുന്നത്. വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇത് മാര്‍ച്ച് രണ്ടിന് ഉത്രയുടെ അടൂരിലെ ബാങ്ക് ലോക്കറില്‍നിന്ന് സൂരജെടുത്ത സ്വര്‍ണാഭരണങ്ങളാണെന്നും കണ്ടെത്തി.
ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം സൂരജിന്റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ഉത്രയുടെ വീട്ടുകാര്‍ സ്വര്‍ണം കൊണ്ടു പോയെന്നാണ് പറഞ്ഞത്. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ നിന്ന് മാര്‍ച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്ന് രാത്രിയിലാണ് ആദ്യം ഉത്രക്ക് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉത്രയുടെ ശരീരത്തില്‍ നിന്ന് 12 പവന്‍ ആഭരണങ്ങള്‍ സൂരജ് ഊരിയെടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അതേസമയം, ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയ സേനന്‍ പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്റെ വീട്ടില്‍ ഒന്നും നടക്കില്ല. ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് സംശയമുണ്ട്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും പിതാവ് വിജയസേനന്‍ പറഞ്ഞു.