ബുക്കിങ് നടത്തുമ്പോൾ ദൂരെയുള്ള മദ്യവില്പനശാലകളിലേക്കും ബാറുകളിലേക്കും ആണ് ടോക്കൻ ലഭിക്കുന്നത് എന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഇന്ന് ബുക്കിങ് ആരംഭിച്ചപ്പോൾ അത്തരം പരാതികൾ കുറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ ടോക്കൻ ലഭിക്കുന്നത്. ആളുകൾ ഒരുമിച്ച് ആപ്പിൽ കയറുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട് എന്നും അധികൃതർ പറയുന്നു.
മദ്യവിതരണം സങ്കീർണമായപ്പോൾ എക്‌സ്സൈസ് മന്ത്രി, ബെവ്‌കോ, എക്‌സൈസ്, ഫെയർകോഡ് കമ്പനി അധികൃതർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാർത്തകൾ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം തുടരാൻ ആണ് മന്ത്രി നിർദ്ദേശിച്ചത്. മെയ് 31 ഞായർ അവധിയും ഒന്നാം തിയ്യതി ആയതിനാൽ ജൂൺ 1 ലെ അവധിയും ബെവ് ക്യു ആപ്പ് നിർമാതാക്കൾക്ക് ആശ്വാസമായി. ആപ്പ് പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കാൻ ഈ ദിവസങ്ങൾ സഹായകമായി.
ആപ്പിനെ തള്ളിപ്പറയാതെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ഉടനെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഇനി ഏതാനും മാസത്തേക്ക് ബെവ് ക്യു ആപ്പ് വഴിയായിരിക്കും മദ്യവിതരണം.