ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ 1 ബില്യൺ പുകവലിക്കാരിൽ 200 മില്യൺ സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 1.5 മില്യൺ സ്ത്രീകൾ പുകവലി മൂലം ഓരോ വർഷവും മരിക്കുന്നു.
സ്ത്രീകളിൽ പുകവലി എങ്ങനെ ബാധിക്കുന്നു എന്ന് ദി മെഡിസിറ്റിയിലെ ഡോ.ബൊർനാലി ദത്ത എന്താണ് പറയുന്നത് എന്ന് നോക്കാം.
1. പുകവലി പുരുഷന്മാരിലും സ്ത്രീകളിലും പല വിധത്തിലുള്ള ക്യാൻസറിന് (ശ്വാസകോശം, വായ, അന്നനാളം, ശ്വാസനാളം, പാൻക്രിയാസ്, മൂത്രസഞ്ചി) കാരണമാകുന്നു. സ്ത്രീകളിൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യതയുണ്ട്.
2. ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് ഗർഭാവസ്ഥ ശിശുവിനും ദോഷകരമാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന കാർബൺ മോണോക്സൈഡ് കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു. നിക്കോട്ടിൻ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു.
3. പുകവലി അബോർഷനുള്ള സാധ്യത കൂട്ടുന്നു. ഒപ്പം കുഞ്ഞിന്റെ ജനനത്തിലെ സങ്കീർണതകളും കൂട്ടുന്നു.
4. ഗർഭാവസ്ഥയിൽ പുകവലി പ്രീമെച്വർ ഡെലിവറിക്കുള്ള സാധ്യത വർധിപ്പിക്കുകയും കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ മുലപ്പാൽ കുറയുകയും ചെയ്യും.
5. പുരുഷന്മാരെ പോലെ പുകവലിക്കുന്ന സ്ത്രീകളിലും ഹൃദ്രോഗങ്ങൾക്ക് വഴിതെളിക്കുന്നു, പ്രത്യേകിച്ച് ഹൃദയാഘാതം.
6. പുകവലി ആർത്തവവിരാമം വേഗത്തിലാക്കുന്നു. നിക്കോട്ടിൻ അണ്ഡാശയത്തിലേക്കുള്ള രക്തവിതരണത്തെ തടസ്സപ്പെടുത്തുന്നു. ഇതുവഴി ഈസ്ട്രജൻ എന്ന ഹോർമോൺ ഉൽപ്പാദനം കുറയുന്നു. ഇത് ആർത്തവവിരാമത്തിലേക്ക് നയിച്ചേക്കാം.
7. ആർത്തവപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഗർഭധാരണത്തിലെ കാലതാമസത്തിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.
8. പുകവലി സ്ത്രീകളിൽ ബോൺ മിനറൽ ഡെൻസിറ്റി കുറയ്ക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു.
9. പുകവലിക്കുന്ന സ്ത്രീകളിൽ ത്വക്ക് ചുളിയുവാനുള്ള സാധ്യത കാണുന്നു. ഇത് പ്രായം കൂടുതൽ തോന്നിക്കാൻ കാരണമാകുന്നു.
10. പുകവലി രോഗ പ്രതിരോധ സംവിധാനത്തിന്റെ താളം മറിക്കുന്നു.