കോട്ടയം: ജില്ലയിൽ കോവിഡ് സമ്പർക്ക രോഗികൽ വർധിക്കുന്നു. നൂറ് പോസിറ്റീവ് കേസുകളിൽ 90 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന അഞ്ചു പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ജില്ലയിൽ പുതിയതായി ലഭിച്ച 890 സാമ്പിളുകളാണ് പരിശോധിച്ചത്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ 19 പേർക്കും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 18 പേർക്കും സമ്പർക്കം മുഖേന രോഗം ബാധിച്ചു. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആർപ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റു സ്ഥലങ്ങൾ.
ജില്ലയിൽ 61 പേർ രോഗമുക്തരായി. നിലവിൽ 623 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2084 പേർക്ക് രോഗം ബാധിച്ചു. 1458 പേർ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 32 പേരും ഉൾപ്പെടെ 287 പേർക്ക് പുതിയതായി ക്വാറൻറൈനിൽ നിർദേശിച്ചു. ജില്ലയിൽ ആകെ 9871 പേർ ക്വാറൻറൈനിൽ കഴിയുന്നുണ്ട്.