ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 29,75,701 ആയി. 945 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 55,928 ആയി.
കേസുകൾ അതിവേഗം വർധിച്ചതോടെ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര (6,57,450), തമിഴ്നാട് (3,67,460), ആന്ധ്രാപ്രദേശ് (3,34,940), കർണാടക (2,64,546), ഉത്തർപ്രദേശ് (1,77,239) എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതർ കൂടുതലായുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ പ്രതിദിനം പത്ത് ലക്ഷം കോവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 21ന് 10.23 ലക്ഷം പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3.45 കോടി ആയി. രാജ്യത്ത് ഇക്കഴിഞ്ഞ ആഴ്ചയിൽ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ദശലക്ഷത്തിൽ 2,152 ആണ് രോഗബാധ നിരക്ക്. മരണനിരക്ക് ദശലക്ഷത്തിൽ 40 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.