ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,239 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 30,44,940 ആയി ഉയർന്നു. ശനിയാഴ്ച 912 മരണങ്ങളാണ് ഉണ്ടായത്. ആകെ മരണം ഇതോടെ 56,706 ആയി.
16 ദിവസംകൊണ്ടാണു രാജ്യത്ത് 10 ലക്ഷം പുതിയ കോവിഡ് രോഗികളുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ വളർച്ചയാണിത്. 974 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്.
20 ലക്ഷം കോവിഡ് കേസുകളിൽനിന്ന് 30 ലക്ഷത്തിലെത്താൻ അമേരിക്ക 28 ദിവസവും ബ്രസീൽ 23 ദിവസവും എടുത്തപ്പോഴാണ് ഇന്ത്യയിൽ 16 ദിവസം കൊണ്ട് 30 ലക്ഷമായത്. ഇതോടെ മൊത്തം കോവിഡ് കേസുകൾ 30 ലക്ഷം കടന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 35 ലക്ഷമുള്ള ബ്രസീ ലിനെ ഇന്ത്യ മറികടക്കാൻ അടുത്ത ഒരാഴ്ച മതിയാകും.
ഇന്ത്യയിൽ ആദ്യ 10 ലക്ഷം കേസുകളിലെത്തിയത് 138 ദിവസംകൊണ്ടാണെങ്കിൽ 20 ലക്ഷത്തിലെത്താൻ 21 ദിവസവും 30 ലക്ഷമാകാൻ 16 ദിവസവുമാണെ ടുത്തത്. 24 മണിക്കൂറിനിടെ രാജ്യത്തു പുതിയ കോവിഡ് രോഗികളുടെ എണ്ണം 70,000-ത്തിലേറെയായതു സ്ഥിതി അതീവ ഗുരുതരമാക്കി. ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേറെയാണ്. ആകെ 22.2 ലക്ഷം പേർ ഇതുവരെ രോഗമുക്തി നേടിയതാണ് ഏക ആശ്വാസം.