ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് സോണിയ ഗാന്ധി. മുഴുവൻ സമയം പ്രവർത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ് ആവശ്യം എന്നറിയിച്ച് 20ഓളം മുതിർന്ന അംഗങ്ങൾ ഒപ്പിട്ട് നൽകിയ കത്തിന് മറുപടിയായാണ് സോണിയയുടെ വിശദീകരണം.
നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിക്കും. സോണിയ അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നാണ് വിവരം.
രാഹുൽ ഗാന്ധിക്കും സോണിയക്കും കത്തിൽ വിമർശനം ഇല്ലെങ്കിലും മുഴുവൻ സമയ നേതാവിനെ ആവശ്യമാണെന്നും പാർട്ടിയുടെ പ്രവർത്തന ശെലിയും നേതൃത്വവും മാറണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ കത്ത് അയച്ചത്.
അതേസമയം മുതിർന്ന കോൺഗ്രസ് നേതാക്കളായ അമരീന്ദർ, ഭൂപേഷ് ബാഗേൽ എന്നിവർ പാർട്ടി അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവും ഉന്നയിച്ചു. അഴിച്ചുപണിക്കുള്ള സമയം ഇതല്ലെന്നും അവ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മുതിർന്ന നേതാക്കളുടെ പ്രതികരണം.