ന്യൂജേഴ്സി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽവച്ചായിരുന്നു അന്ത്യം.
സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകിയിട്ടുണ്ട്. ആൺ - പെൺ ഗായകർ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിൻറെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചിരുന്നു.
രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങിയവർ ശിഷ്യൻമാരാണ്. പദ്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി വിവിധ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവിൻറെ കീഴിലാണ് ജസ്രാജ് സംഗീതാഭ്യാസനം തുടങ്ങുന്നത്.