ന്യൂഡൽഹി: തലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് പ്രവർത്തകൻ ഡൽഹിയിൽ അറസ്റ്റിൽ. കഴിഞ്ഞ രാത്രിയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാൾ അറസ്റ്റിലായത്. അബു യൂസഫ് എന്ന ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
പിടികൂടുമ്പോൾ ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി ഡൽഹി പോലീസ് ഡപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഐഎസുമായി ബന്ധമുള്ളതിന്റെ പേരിൽ ഒരു ഡോക്ടർ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലും ഐഎസ് പ്രവർത്തകന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.