ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തിൽ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പുഴയോരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത്. 12 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കാണാതായ രണ്ടു മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ 58 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ആഗസ്റ്റ് 5നാണ് ഇടുക്കി രാജമലക്കടുത്ത് ഉരുൾപൊട്ടലിനെ തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായത്.
കണ്ണൻ ദേവൻ പ്ലാൻറേഷനിലെ പെട്ടിമുടി സെറ്റിൽമെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങൾക്ക് മുകളിലേക്കായിരുന്നു മണ്ണിടിഞ്ഞു വീണത്. 20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയിരുന്നു. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.