ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ സിനിമ-സീരിയൽ ചിത്രീകരണത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കൽ, മാസ്ക് തുടങ്ങിയവ പാലിച്ചാവണം ചിത്രീകരണമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അഭിനേതാക്കൾ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ള ബാക്കിയുള്ളവരെല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം. മേക്കപ്പ് കലാകാരൻമാരും ഹെയർ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും മാത്രം ചിത്രീകരണത്തിനായി ഉപയോഗിക്കുക. പുറത്തുനിന്ന് ആരെയും ചിത്രീകരണ സ്ഥല സന്ദർശനത്തിന് അനുവദിക്കാൻ പാടില്ല. സാമൂഹിക അകലം കൃത്യമായ് പാലിക്കണം.
സെറ്റുകൾ മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ തുടങ്ങിയവ ദിവസവും അണുവിമുക്തമാക്കുക. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൈകര്യങ്ങൾ ഒരുക്കുക. സെറ്റിനുള്ളിൽ തുപ്പാൻ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. സെറ്റിലെ ആരെങ്കിലും കോവിഡ് പോസിറ്റീവായാൽ ഉടനെ അണു നശീകരണം നടത്തുകയും അവരുമായി ബന്ധമുള്ളവരെ ഐസൊലേഷൻ ചെയ്യുകയും വേമെന്നും മാർഗനിർദേശത്തിൽ പറയുന്നു.