ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വരട്ടെയെന്ന് പ്രിയങ്കഗാന്ധി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെ സഹോദരൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പിന്തുണച്ചായിരുന്നു പ്രിയങ്കയുടെ നിലപാട്. കോൺഗ്രസിനായി പോരാടാൻ അതിനെ നയിക്കേണ്ടതില്ലെന്നും, പാർട്ടിക്കായി പ്രവർത്തിച്ചാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി.
പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ 'ഇന്ത്യ ടുമോറോ: കോൺവർസേഷൻസ് വിത്ത് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹർഷ് ഷായും ചേർന്നാണ് പുസ്തകം തയാറാക്കിയത്.
"പാർട്ടിക്ക് മറ്റൊരു പ്രസിഡൻറ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എൻറെ ബോസ്. എന്നെ ഉത്തർപ്രദേശിൽ ആവശ്യമില്ലെന്നും ആൻഡമാൻ, നിക്കോബാറിലേക്ക് പോകണമെന്നും നാളെ അദ്ദേഹം പറഞ്ഞാൽ, ഞാൻ സന്തോഷത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോകും." പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ തിരികെ എത്തണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.