തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി എം. ശിവശങ്കർ മൂന്നു പ്രാവശ്യം വിദേശ സന്ദർശനം നടത്തിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം സമ്മതിച്ചത്. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഫോഴ്സ്മെൻറ് ഇക്കാര്യം വ്യക്തമാക്കി.
2017 ഏപ്രിലിൽ യുഎഇയിലേക്ക് സ്വപ്നയുമൊന്നിച്ച് ശിവശങ്കർ യാത്ര ചെയ്തു. 2018 ഏപ്രിലിൽ ഒമാനിലെത്തിയ ശിവശങ്കർ അവിടെ വച്ച് സ്വപ്നയെ കാണുകയും ഇരുവരും ഒന്നിച്ചു മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുവാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടയിലും ഇവർ കണ്ടു.
സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടൻറുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ നിർദേശിച്ചതുകൊണ്ടാണെന്ന് സ്വപ്ന സമ്മതിച്ചതായും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തി. എന്നാൽ സ്വർണവും പണവും ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നില്ല. 2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വർണം ഡിപ്ലോമാറ്റിക് ബാഗുകൾ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.