ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹരായി. രോഹിത്തിനെ കൂടാതെ പാരാലിന്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു, ടേബിൾ ടെന്നീസ് ചാന്പ്യൻ മണിക ബത്ര, വനിതാ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട്, ഹോക്കി താരം റാംപാൽ എന്നിവർക്കാണ് ഖേൽരത്ന.
ദ്യൂതി ചന്ദ്, ഇശാന്ദ് ശർമ, ദീപ്തി ശർമ തുടങ്ങി 27 പേരാണ് അർജുന പുരസ്കാരത്തിന് അർഹരായത്. ജിൻസി ഫിലിപ്പ് ഉൾപ്പെടെ 15 പേർക്ക് ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു.
പരിശീലകർക്ക് നൽകുന്ന ബഹുമതിയായ ദ്രോണാചര്യ പുരസ്കാരത്തിന് ലൈഫ് റ്റൈം കാറ്റഗറിയിൽ എട്ട് പേരാണ് അർഹരായത്. ആർച്ചറി പരിശീലകൻ ധർമ്മേന്ദ്ര തിവാരി, അത്ലറ്റിക്-പുരുഷോത്തമൻ റായി, ബോക്സിംഗ്-ശിവ് സിംഗ്, ഹോക്കി-റോമേഷ് പതാനിയ, കബഡി-കൃഷൺ കുമാർ ഹുഡ, പാര പവർലിഫിറ്റിംഗ്-ബാലചന്ദ്ര മുനിശ്വർ, ടെന്നീസ്-നരേഷ് കുമാർ, ഗുസ്തി-ഓം പ്രകാശ് തുടങ്ങിയവർക്കാണ് ദ്രോണാചര്യ നൽകി രാജ്യം അദരിക്കുന്നത്.
റെഗുലർ കാറ്റഗറിയിൽ അഞ്ച് പേർക്കും ദ്രോണാചര്യ പുരസ്കാരം ലഭിച്ചു. ജൂഡ് ഫെലിക് സെബാസ്റ്റ്യൻ, യോഗേഷ് മൽവിയ, ജസ്പാൽ റാണ, കുൽദീപ് കുമാർ, ഗൗരവ് ഖന്ന എന്നിവർക്കാണ് റെഗുലർ കാറ്റഗറിയിൽ ദ്രോണാചര്യ ലഭിച്ചത്.