ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് അടച്ചിട്ടിരിക്കുന്ന സിനിമ തീയറ്ററുകൾ സെപ്റ്റംബർ മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. കേന്ദ്രസർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാർശ നൽകിയത്. എന്നാൽ മാളുകളിലെ തിയേറ്ററുകൾ ഒന്നാം ഘട്ടത്തിൽ തുറക്കാൻ അനുമതി നൽകിയേക്കില്ല.
സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാൻ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നിൽ ഒന്നിൽ മാത്രമേ ആളുകളെ ഇരിക്കാൻ സമ്മതിക്കുകയുള്ളു. കർശന ഉപാധികളോടെയാകും തിയേറ്ററുകൾക്ക് പ്രവർത്തന അനുമതി നൽകുക. ഇതിനായി പ്രത്യേക മാർഗ്ഗ രേഖ കേന്ദ്ര സർക്കാർ പുറത്തിറക്കും.
കൈസ്പർശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വിൽപ്പന വേണമെന്ന് സർക്കാർ നിർദേശിച്ചേക്കും. ഓരോ ഷോ കഴിയുമ്പോഴും തീയറ്ററുകൾ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തിൽ തിയേറ്ററുകൾ അണുമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശിച്ചേക്കും.