കൊച്ചി: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്ക് കമ്മീഷൻ നൽകിയതായ് യൂണിടാക് ഉടമ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. കൂടാതെ എം ശിവശങ്കറിനെ കണ്ടതായും മൊഴി നൽകിയിട്ടുണ്ട്.
സ്വപ്നക്ക് കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് യൂണിടാക് മൊഴിനൽകിയിട്ടുണ്ട്. ഇവർ മൂന്ന് പേരും ചേർന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സന്ദീപിന് 55 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. ഇതും പരിശോധിക്കുകയാണ്. കൂടാതെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള പണം ആർക്ക് വേണ്ടിയുള്ളതാണെന്നും പരിശോധിക്കുന്നുണ്ട്.
കേസുമായ് ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ സി ഇ ഒ യു വി ജോസാണ് സർക്കാരിന് വേണ്ടി റെഡ്ക്രസന്റ്- ലൈഫ്മിഷൻ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. അതിനാലാണ് എൻഫോഴ്‌സ്‌മെന്റ് യു വി ജോസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യു വി ജോസിന് മേൽ വലിയ സമ്മർദ്ദം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് എൻഫോഴ്‌സ്‌മെന്റ്.
ധാരണാപത്രം നേരത്തെ തന്നെ എൻഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ബാക്കി ഫയലുകൾ കൂടി പരിശോധിക്കും. ധാരണാപത്രത്തിലെ ദുർബലമായിട്ടുള്ള വ്യവസ്ഥകൾ, മറ്റൊരു പ്രത്യക കരാറിലേക്ക് പോകാതിരുന്നതിന്റെ കാരണങ്ങൾ, എം ശിവശങ്കറിന്റെ ഇടപെടലുകൾ എന്നിവയെപ്പറ്റിയും എൻഫോഴ്സ്മെന്റ് പരിശോധിക്കും.